വിരുന്നു സൽക്കാരങ്ങളിലൊക്കെ താരമായി നിൽക്കുന്ന ഒരു വിഭവമാണ് ഫ്രൈഡ് റൈസ്. നല്ല ചിക്കൻ ഗ്രേവിയും തക്കാളി സോസും കൂടെ ചേർത്ത് കഴിക്കാൻ ഇത് നല്ല രുചിയാണ്.
ആവശ്യമായ സാധനങ്ങൾ
മുട്ട - 2
ഓയിൽ - 2 ടേബിൾ സ്പൂൺ
സവാള - 1
ബീൻസ് - 6
ക്യാരറ്റ് - 1
ബസ്മതി അരി (വേവിച്ചത്) - 2 കപ്പ്
സോയ സോസ് - 2 ടേബിൾ സ്പൂൺ
ചില്ലി സോസ് - 1 ടേബിൾ സ്പൂൺ
മുളക് പൊടി - 1/2 ടീ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
മല്ലിയില - 5
തയ്യാറാക്കുന്ന രീതി
ഒരു പാത്രത്തിൽ രണ്ടു മുട്ട പൊട്ടിച്ചൊഴിച്ച ശേഷം നന്നായി ഇളക്കുക. ഇതിലേക്ക് ഒരല്പം ഉപ്പും കൂടി ചേർത്ത് വീണ്ടും ഇളക്കുക. ഒരു പാനിൽ അല്പം എണ്ണ ചൂടാക്കിയ ശേഷം മുട്ട ഇതിലേക്ക് ഒഴിക്കുക. പാനിൽ വച്ചു തന്നെ മുട്ട ഉടച്ചു ചെറിയ കഷണങ്ങളാക്കുക. ഇത് രണ്ട് മുതൽ മൂന്ന് മിനിറ്റ് വരെ വേവിക്കുക. ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക.
ഇതേ പാനിൽ തന്നെ രണ്ട് ടേബിൾ സ്പൂൺ എണ്ണ ചൂടാക്കുക. ഇതിലേക്ക് ഒരു സവാള അരിഞ്ഞത് ചേർത്ത് അതിന്റെ നിറം മാറുന്നത് വരെ വേവിക്കുക. അതിനു ശേഷം ബീൻസ്, ക്യാരറ്റ് എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഒരു മൂന്നു മിനിറ്റ് ഇത് വേവിക്കുക. എന്നിട്ട് നേരത്തെ തയ്യാറാക്കി വച്ച മുട്ട ചിക്കിയെടുത്തത് ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യുക.
അതിനു ശേഷം വേവിച്ചു വച്ച ബസ്മതി അരി ഈ പാനിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് രണ്ടു ടേബിൾ സ്പൂൺ സോയ സോസും ഒരു ടേബിൾ സ്പൂൺ ചില്ലി സോസും ചേർക്കുക. 1/2 ടീ സ്പൂൺ മുളക് പൊടി കൂടി ചേർത്ത് നന്നായി ഇളക്കുക. അവസാനമായി മല്ലിയില പൊടിയായി അരിഞ്ഞത് കൂടി ചേർത്ത് നന്നായി ഇളക്കുക. ചൂടോടെ തന്നെ നല്ല രുചികരമായ ഫ്രൈഡ് റൈസ് വിളമ്പാം.
0 Comments