വരൂ നമുക്ക് തക്കാളി സോസ് ഉണ്ടാക്കി നോക്കാം..

തക്കാളി സോസാണ് ഇന്നത്തെ സ്പെഷ്യൽ. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേ ഉള്ളൂ ഈ സോസ്. തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കൂ.


ആവശ്യമായ ചേരുവകൾ

  • തക്കാളി -ഒരു കിലോ
  • വിനാഗിരി -1/3 കപ്പ്
  • പഞ്ചസാര -അര കപ്പ്
  • പച്ചമുളക് -നാല് എണ്ണം
  • ഉപ്പ് -പാകത്തിന്
  • ഏലക്കാ -നാല് എണ്ണം
  • ഗ്രാമ്പൂ- 5 എണ്ണം
  • കറുവപട്ട -1 ചെറിയ കഷ്ണം
  • പെരുംജീരകം -അര ടീസ്പൂൺ
  • ജീരകം - അര ടീസ്പൂൺ
  • ഇഞ്ചി - ചെറിയ കഷ്ണം
  • വെള്ളുതുള്ളി - 5
  • സവാള -1


തയ്യാറാക്കുന്ന വിധം

ആദ്യമായി തക്കാളി നന്നായി കഴുകി വൃത്തിയാക്കുക. പിന്നീട് ഒരു പാത്രത്തിൽ ആവശ്യത്തിനു വെള്ളമെടുത്ത് അതിൽ

തക്കാളി ഇട്ട് തിളപ്പിക്കുക. നന്നായി തിളച്ചാൽ തൊലി വേഗത്തിൽ അടർന്ന് വരും. ഇനി തീ ഓഫ് ചെയ്യാം. ഈ തക്കാളികൾ ഇനി തണുത്ത വെള്ളത്തിൽ ഇട്ട് വയ്ക്കുക. ചൂട് പോവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. തക്കാളി തണുത്ത ശേഷം തൊലി കളഞ്ഞു മാറ്റി വയ്ക്കുക. ശേഷം ഇവ മിക്സിയിൽ ഇട്ട് നല്ല പേസ്റ്റ് ആക്കി അരച്ചെടുക്കുക.


ഇനി ഗ്രാമ്പൂ, കറുവപട്ട, പച്ചമുളക്, ഏലയ്ക്ക, പെരുംജീരകം, ജീരകം ഇവ എല്ലാം കൂടി ചതച്ചെടുക്കുക. ഇഞ്ചിയും വെള്ളുതുള്ളിയും അരച്ച പേസ്റ്റും കൂടി ചേർത്ത് ഒരു വൃത്തിയുള്ള തുണിയിൽ കിഴി കെട്ടി എടുക്കുക. ഇനി ഒരു പാൻ ചൂടാക്കി അതിൽ തക്കാളിപേസ്റ്റ് ഒഴിച്ചു ഇളക്കുക. ശേഷം കെട്ടി വച്ച കിഴി അതിലേക്ക് ഇട്ട് ഇളക്കുക. നന്നായി ചൂടായി കുറുകി വരുമ്പോൾ അതിലേക്ക് വിനാഗിരിയും പഞ്ചസാരയും ,പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. തിളച്ച ശേഷം തക്കാളിയിലേക്ക് കിഴി നന്നായി പിഴിഞ്ഞ് ചേർക്കുക. മൂന്ന് മിനുറ്റിനു ശേഷം ഇറക്കി വെക്കാം. ആവശ്യമെങ്കിൽ തണുത്ത ശേഷം വൃത്തിയുള്ള കുപ്പിയിലാക്കി സൂക്ഷിക്കാം. അങ്ങനെ തക്കാളി സോസ് തയ്യാർ. തീർച്ചയായും ഉണ്ടാക്കി നോക്കുമല്ലോ...??