ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലുകൾ തിരിച്ചറിയുന്നതെങ്ങനെ?
ഫേസ്ബുക്ക് അടക്കം എല്ലാ സമൂഹ മാധ്യമങ്ങളിലും വ്യാജന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവർക്കെതിരെ വ്യാപകമായ നടപടികൾ കൈക്കൊള്ളുന്നുണ്ടെങ്കിലും വ്യാജന്മാരുടെ വിളയാട്ടത്തിന് യാതൊരു പഞ്ഞവുമില്ല.
ഒരു വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിനെ തിരിച്ചറിയുക എന്നത് ഫേസ്ബുക്കിലോ മറ്റോ ഉള്ള സെറ്റിങ്ങ്സുകൾ അല്ല, പകരം അല്പം നിരീക്ഷിച്ചാൽ മനസ്സിലാക്കാൻ സാധിക്കുന്ന കാര്യങ്ങളാണ്.
ആദ്യമായി ഫ്രണ്ട് റിക്വസ്റ്റ് അയച്ച വ്യക്തിയുടെ പ്രൊഫൈല്‍ ഫോട്ടോ പരിശോധിക്കണം. അശ്ളീല ചിത്രങ്ങളോ പാവകളുടെ ചിത്രങ്ങളോ ഒക്കെ ആണ് പ്രൊഫൈലില്‍ കൊടുത്തിട്ടുള്ളതെങ്കില്‍ അത് വ്യാജനാണെന്ന് ഏറെക്കുറെ ഉറപ്പിക്കാം.
ഫേസ്ബുക്കില്‍ പരിചയമില്ലാത്ത ആരടെയെങ്കിലും ഫ്രണ്ട് റിക്വസ്റ്റ് കിട്ടിയാല്‍ ആ വ്യക്തിയുടെ പ്രൊഫൈല്‍ തുറന്ന് എബൗട് അസ് (About US) എന്ന വിഭാഗം പരിശോധിക്കുക. ആ വ്യക്തിയെ കുറിച്ച് അടിസ്ഥാനപരമായ യാതൊരു വിവരവും (പഠിച്ച സ്‌കൂള്‍, കോളേജ്, സിറ്റി) ഇല്ലെങ്കില്‍ ആ പ്രൊഫൈല്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കണം.
ചിലര്‍ വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കാത്തതിനാലാകാം പ്രൊഫൈലില്‍ അതു നല്‍കാത്തത്. അതുകൊണ്ടുതന്നെ അടുത്തപടി ടൈം ലൈന്‍ പരിശോധിക്കുക എന്നതാണ്. ആ വ്യക്തിയുടെ പോസ്റ്റുകളും ഷെയറുകളും നോക്കിയാല്‍ ഏകദേശ ധാരണ ലഭിക്കും.
അടുത്തതായി ആ വ്യക്തിയുടെ പോസ്റ്റ്കള്‍ക്ക് ലഭിച്ച ലൈകുകളും കമന്റുകളും ഷെയറുകളും നോക്കുക. മാന്യമായ രീതിയിലും ഗൗരവമുള്ളതുമായ പോസ്റ്റുകളും കമന്റുകളുമാണ് അതില്‍ കാണുന്നതെങ്കില്‍ അത് ശരിയായ പ്രൊഫൈല്‍തന്നെ ആയിരിക്കും. മാറിച്ചാണെങ്കില്‍ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കണം.
അടുത്തതായി ഫോട്ടോ ആല്‍ബം പരിശോധിക്കാം. ആ വ്യക്തിയുടെ ഫോട്ടോകളില്‍ നിന്ന് എത്തരത്തിലുള്ള ആളാണെന്ന് ഏകദേശ രൂപം ലഭിക്കും. എന്നാല്‍ പ്രൈവസി സെറ്റിംഗ്‌സ് 'പബ്ലിക്' ആക്കിയവരുടെ ആല്‍ബങ്ങള്‍ മാത്രമെ കാണാന്‍ സാധിക്കു.
ഇനി നോക്കേണ്ടത് ഫ്രണ്ട്‌സ് റിക്വസ്റ്റ് അയച്ച വ്യക്തിക്കും നിങ്ങള്‍ക്കും പൊതുവായി ഏതെങ്കിലും സുഹൃത്തുക്കള്‍ (മ്യൂച്വല്‍ ഫ്രണ്ട്‌സ്) ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉണ്ടോ എന്നാണ്. അങ്ങനെ ഉണ്ടെങ്കില്‍ ആ വ്യക്തിയുമായി ബന്ധപ്പെട്ട് പ്രൊഫൈലിന്റെ സാധുത പരിശോധിക്കാവുന്നതാണ്.


0 Comments